Powered By Blogger

പ്രണയാതുരയായതിന്റെ കുറ്റബോധം

എന്റെ പ്രണയത്തെ ദുര്‍ന്നടപ്പുകാരിയെന്നും സാമുഹിക നിയമങ്ങളെയും മതവിലക്കുകളെയും ധിക്കരിച്ചവളെന്നും വിളിക്കുമെന്ന് ഭയന്ന് ഹൃദയത്തെക്കാള്‍ നേര്‍ത്ത തലയണക്കടിയില്‍ കാലങ്ങളോളം ഞാനതിനെ ഒളിപ്പിച്ചുവെച്ചു. പ്രായപരുതികള്‍ മറന്ന് പ്രണയാതുരയായതിന്റെ കുറ്റബോധം മറയ്ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടവളായി.

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ പ്രണയത്തെ ക്കുറിച്ചുള്ള എന്‍റെ കാഴ്‌ചപ്പാട് എനിക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞാന്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.
പക്ഷെ, അങ്ങനെയൊന്ന് കാലം കാത്തുവെച്ചിരിന്നു. ജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങള്‍ മുഴുവനും ഇന്ന് എന്‍റെ മുറിവുകളെ ഉണക്കി ബാക്കിനില്‍ക്കുന്നു. എങ്കിലും ഇന്ന് ഓര്‍ക്കുമ്പാള്‍ പ്രണയമെന്ന സ്വാഭാവികവും വിശുദ്ധവുമായ വികാരത്തെ വഴിതിരിച്ചുവിടത്തക്കവിധം അല്ലെങ്കില്‍ ആ ഒഴുക്കിനെ പിടിച്ചുനിര്‍ത്തത്തക്കവിധം ശക്തമായ ഒരു മതില്‍ ആയിരുന്നു പ്രായങ്ങള്‍ങ്ങള്‍ തമ്മിലെ ചേര്‍ച്ചയില്ലായ്മ എന്നു മനസ്സിലാക്കികൊടുത്തവര്‍. ഇന്നും അത് അങ്ങനെയൊക്കെത്തന്നെയാണെന്ന് പല പരിചയക്കാരുടേയും തകര്‍ന്ന ഹൃദയങ്ങള്‍ കണ്ണീരോടെ ഏറ്റുചൊല്ലുന്നു. ഒരുമിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചിട്ടും കഴിയാതെ സമൂഹത്തോട് സമരസപ്പെട്ടും കലഹിച്ചും അകന്ന് പോയവര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാവും. 'സംശയത്തിന്റെ നിഴല്‍ വീണ സ്നേഹത്തെ പാടെ പിഴുതെറിയുകയാണ് നല്ലത്. നമ്മള്‍ എത്രനാള്‍ ചെലവിട്ട് നന്നാക്കിയെടുക്കാമെന്ന് കരുതിയാലും സംശയത്തിന്റെ പുഴുക്കുത്ത് മാത്രം ബാക്കിയാവും. വിശ്വാസത്തിന്റെ ഭാരം ഈ സ്നേഹത്തെ ബാക്കിവെച്ചേക്കില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു.....'
സ്വാഭാവികമായും,പ്രായം എന്നുള്ള അതിര്‍വരമ്പായിരുന്നു സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വൈരുദ്ധ്യങ്ങളെക്കാള്‍ അവരെ വേവലാതിപ്പെടുത്തിയത്. പ്രണയം പലപ്പേഴും വിവേകബുദ്ധികാണിക്കാത്ത തീപേലെയാണ്. ഒരേആശയങ്ങളും സ്വപ്നങ്ങളും ഉള്ള രണ്ടുപേര്‍ വിലക്കുകള്‍ മറന്ന് പ്രണയിച്ചു തുടങ്ങി. ഏതെല്ലാം പ്രതിസന്ധികളുടെ തിരമാലകള്‍ തേടിവന്നാലും ജീവിതക്കടല്‍ ഒരുമിച്ച് നീന്തിക്കടക്കുമെന്ന് അവര്‍ പരസ്പരം പറഞ്ഞിരിക്കണം.
'ഈ സ്നേഹത്തിന് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആദ്യമെല്ലാം ഞാന്‍ വേവലാതിപ്പെട്ടിരുന്നു. വിവാഹിതരാവാം എന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. പക്ഷെ

ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....

തങ്കക്കിനാക്കള്‍ തന്‍ തംബുരു മീട്ടിയെന്‍‍
സങ്കല്‍പ തീരത്തു നിന്നെയും കാത്തു ഞാന്‍‍
നില്‍ക്കയാണിപ്പൊഴും നിന്‍ സ്വനം കേള്‍ക്കുവാൻ.. .
കാണുന്നു നിന്നെ എന്നുൾക്കടക്കണ്ണിനാല്‍
‍ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ്‌

സാമസങ്കീര്‍ത്തനം നിന്‍ നാദധാരയായ്‌
തെന്നലിലെന്നെ തലോടുന്നു; നിന്നെ ഞാനാ-
നാദബ്രഹ്മത്തിന്‍ 'ഓം'ങ്കാര നാമമായ്‌.
ചേതോമനോഹര സംഗീതമാത്മാവില്‍
‍കോരിനിറക്കുന്ന സ്വര്‍ണച്ചഷകമായ്‌..........

അച്ചക്രവാളത്തിനുമപ്പുറംനിന്നു കൊണ്ടോ-
രായിരം സ്മൃതി എന്നിലുണര്‍ത്തി നീ.
ആ രാഗ സീമയിലെന്നെ നീ ഇപ്പൊഴും
മാടി വിളിക്കുന്നു മല്‍സഖീ ഏകയായ്‌.

കൊഴിയാന്‍ മടിക്കുന്നൊരശ്രുവിൻ ബിന്ദു പോല്‍
നിന്നെ ഞാന്‍ കണ്ടതിന്നെന്റെ ഓര്‍മ്മയില്‍‍;
സൗവര്‍ണ്ണദീപ ശിഖയായി മാറിയോ,
എന്നുമൊരോമന പൊന്‍ കിനാവായി നീ.
പിന്നെമധുമാരി ചൊരിയുമോരോമല്‍ത്തിടമ്പായി.
നറുനീലാകാശത്തിന്‍ നെറ്റിയില്‍ പ്രഭാതത്തില്‍‍
നിന്‍ കവിള്‍ പൂക്കൾ തൻ ശോണിമ പടരുമ്പോള്‍‍
എന്നുള്ളീലെങ്ങും നിറയുന്നു ശൂന്യമാ-
മേകാന്തത തന്‍ വിരസമാം നൊമ്പരം.......

ചില ഓര്‍മ്മപ്പെടുത്തലുകള്‍

‘പ്രണയം’ വാക്കു കൊണ്ടേറേ പഴകിയതാണെങ്കിലും, ഒരിക്കലുമതിന്‍റെ മൂല്യം കുറയുന്നില്ല.. കാലം മാറുന്നതോടൊപ്പം പ്രണയത്തിന്‍റെ രൂപത്തിലും, ഭാവത്തിലും, രീതിയിലുമെല്ലാം വ്യത്യാസങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, പ്രണയം എന്നും പ്രണയം തന്നെയാണ്. കഴിഞ്ഞ കാലത്തില്‍ പ്രണയമുണ്ടായിരുന്നു..ഈ കാലത്തിലും പ്രണയമുണ്ട്..ഇനി വരാനിരിക്കുന്ന കാലത്തിലും പ്രണയമുണ്ടായിരിക്കും.അതു പ്രകൃതി നിയമമാണ്.
പ്രണയിക്കാന്‍ കൊതിക്കാത്ത മനുഷ്യരില്ല. എനിക്ക് പ്രണയമില്ല എന്നു പറയുന്ന ഒരു മനുഷ്യന്‍റെ ഉള്ളിലായിരിക്കും ഏറ്റവും കൂടുതല്‍ പ്രണയിക്കാനുള്ള കൊതിയും ആവേശവും ഉണ്ടായിരിക്കുക.ഒരുപക്ഷേ..മോഹിച്ചതു കിട്ടാഞ്ഞിട്ടോ. അല്ലെങ്കില്‍ അവനവനിലുറങ്ങിക്കിടക്കുന്ന ‘കോമ്പ്ലക്സ്‘ ആ സമയങ്ങളിലുണരുന്നതോ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളോ, ചിലരെകൊണ്ടെങ്കിലും പ്രണയത്തെ എതിര്‍ത്തു പറയാന്‍ പ്രേരിപ്പിക്കുന്നു.
അപ്പോഴും.. ഏതെങ്കിലുമൊരു പെണ്ണിനെയോ, ആണിനെയോ ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ഇത്തരക്കാര്‍ ചെയ്യാറുമുണ്ട്.
അതും പ്രണയത്തിനു വേണ്ടി ദാഹിക്കുന്നവന്‍റെ ചില ചേഷ്ഠകളല്ലേ..?
മലയാളികളുടെ ഏറ്റവും വലിയൊരു പ്രത്യേകതയാണ് ഒരു കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍.. അതിപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരത വേണമെന്നു പറഞ്ഞാലും.. പൂര്‍ണ്ണവികസനം വേണമെന്നു പറഞ്ഞാലും.. രണ്ടു പക്ഷത്തു നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും. അപ്പോള്‍ പിന്നെ പ്രണയത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ.
ചിലര്‍ക്ക് നല്ല കാര്യങ്ങളെ എതിര്‍ത്തുകൊണ്ടും, ചിലര്‍ക്ക് ചീത്ത കാര്യങ്ങളെ അനുകൂലിച്ചുകൊണ്ടും ജനശ്രദ്ധ ആകര്‍ഷിക്കണം.അതൊക്കെയല്ലേ ഭൂമിയെ ഭൂമിയാക്കുന്നത്.. അല്ലെങ്കില്‍ സ്വര്‍ഗ്ഗം പോലും നാണിച്ചു പോകുമായിരുന്നു.
ഓണ്‍ലൈന്‍ കൂട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു ചര്‍ച്ചകളില്‍ വാക്കുകള്‍ കൊണ്ട് പെരുമഴ തീര്‍ക്കുന്നതു കണ്ടിട്ടുണ്ട്.. അവരിലൊരാള്‍ എന്‍റെ സുഹൃത്തിനോട് പ്രണയം അഭ്യര്‍ത്ഥിച്ചു പരാജയപ്പെട്ടതും.. വേറൊരാള്‍ പ്രണയത്തെ കുറിച്ച് ഒരുപാട് വര്‍ണ്ണിച്ച്.. അതിന്‍റെ വിശുദ്ധിയും നന്മയുമെല്ലാം പ്രകീര്‍ത്തിച്ച് .. ആണെന്നോ പെണ്ണെന്നോ സ്വയം തിരിച്ചറിയാത്ത ഒരു ഓണ്‍ലൈന്‍ പ്രൊഫൈലിനോട് പ്രണയമഭ്യര്‍ത്ഥിച്ചതും..നന്മയും സ്നേഹവും വാക്കുകളിലൂടെയും കവിതകളിലൂടെയും പെയ്തൊഴിക്കുന്നൊരാള്‍ സ്വന്തം കൂട്ടുകാരി മറ്റു ആണ്‍ പ്രൊഫൈലുകളോട് സംസാരിക്കുന്നത് വിലക്കുന്നതും..അവരെ കുറിച്ച് മറ്റുപലതും ചേര്‍ത്തു പറയുന്നതുമെല്ലാം പ്രണയത്തിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ.. അവിടെ പ്രണയം ഒരു പെണ്‍കുട്ടിയോട് മാത്രമായിരുന്നില്ല.. ഒരുപാട് പേരോട് അതുപോലെ പറയുന്നതിനെ പ്രണയമെന്നു പറയാനാവില്ല.. ഒരു തരം രോഗമെന്നു മാത്രമേ പറയാന്‍ കഴിയൂ.
എന്തും അമിതമായാല്‍ വിഷമാണ്.. വിഷമവും...!! (ഈ പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്..അല്ലാത്തവയും ഉണ്ട്)

പ്രണയം സുഖമുള്ള ഒരു അനുഭവമാണ്..ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍‍ വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴ പോലെ അതു പെയ്തിറങ്ങാം. പ്രണയികളുടെ ലോകത്തില്‍‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,. പരിധികള്‍ക്കോ‍ പരിമിതികള്‍ക്കോ അതിന്‍റെ മുന്നില്‍ തടസ്സങ്ങള്‍‍ സൃഷ്ടിക്കാനും കഴിയില്ല.
കാലവും , ദൂരവും, പ്രായവുമെല്ലാം തന്നെ പ്രണയമെന്ന ഒരു വികാരത്തിന്‍റെ മുന്നില്‍ ചെറുതാവുന്നതും അതുകൊണ്ടല്ലേ.?
കളങ്കമില്ലാത്ത പ്രണയത്തിനു മഴത്തുള്ളികളെക്കാള്‍‍ സുതാര്യതയും ആര്‍ദ്രതയുമുണ്ടായിരിക്കും.!അവിടെ പരസ്പരം സ്നേഹിക്കുക എന്ന ഒരൊറ്റ വികാരമേ പ്രണയികളുടെ മനസ്സില്‍‍ തുളുമ്പി നില്‍‍‍ക്കാറുള്ളൂ. മനുഷ്യമനസ്സുകള്‍ സ്വപ്നങ്ങളുടെ താഴ്വരയിലേക്കും മോഹങ്ങളുടെ നിറക്കൂട്ടുകളിലേക്കും ഒരു പൂമ്പാറ്റയെപോലെ പറന്നു പോകുന്നതും പ്രണയമെന്ന അനുഭൂതി ഹൃദയത്തില്‍ സുഗന്ധം പരത്തുമ്പോഴല്ലേ.
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവില്ല. അതു പോലെ കൊതി തീരെ പ്രണയിച്ചവരും.അതുകൊണ്ടു തന്നെയാവാം പ്രണയം എന്നും മനുഷ്യ മനസ്സുകളില്‍ തേന്‍‍മഴയായി പെയ്തിറങ്ങുന്നതും. അറിഞോ അറിയാതെയോ ഒരിക്കലെങ്കിലും പ്രണയിക്കാനും പ്രണയിക്കപ്പെടാനും കൊതിക്കാത്തവരുണ്ടാവില്ല .മനസ്സിന്‍റെ അടിത്തട്ടില്‍‍ പ്രണയമെന്ന വികാരം ഒളിപ്പിച്ചു നടക്കുന്ന എത്രയോ സുഹൃത്തുക്കള്‍‍‍ നമ്മുക്കിടയിലുണ്ട്. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ. എന്നിട്ടും പറയാനുള്ളത് പറയാന്‍‍ കഴിയാതെ മനസ്സിനുള്ളില്‍ സ്വയമെരിഞ്ഞു പോയ എത്രയോ പ്രണയങ്ങള്‍‍ കണ്മുന്നില്‍ നാം കണ്ടിരിക്കുന്നു. മനുഷ്യനെ മറ്റു ജീവികളില്‍‍ നിന്നു വേര്‍‍തിരിക്കുന്നതും ഇങ്ങിനെയുള്ള ചില കഴിവുകളുള്ളതു കൊണ്ടാണല്ലോ. പ്രണയിക്കാനും,സ്നേഹിക്കാനും, കാര്യങ്ങളെ സൂക്ഷ്മതയോടെ വിവേചിച്ചറിയാനും, ആശയസംവേദനം നടത്തുവാനുമൊക്കെയുള്ള കഴിവുകളാണ് അവനെ മറ്റുള്ള ജീവികളില്‍‍ നിന്നും വേര്‍‍തിരിക്കുന്നത്.

‘പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?
അതിനാല്‍‍‍ പ്രണയത്തി‍ന്‍റെ മാധുര്യം നുകര്‍‍ന്നവര്‍‍ക്കും,നുകരാന്‍‍‍ കൊതിക്കുന്നവര്‍‍ക്കും,നുകര്‍ന്നു കൊണ്ടിരിക്കുന്നവര്‍ക്കും,
നഷ്ടപ്രണയത്തിന്‍റെ കൈപ്പുനീര്‍‍ കുടിച്ചവര്‍‍ക്കും, ഇനി കുടിക്കാനിരിക്കുന്നവര്‍‍ക്കും ഒരു ഓര്‍‍മ്മപുതുക്കലാവട്ടെ ഓരോ പ്രണയദിനവും. ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍‍ എത്രയോ നല്ലതാണ് ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്. അതില്‍ നിന്നു കിട്ടിയ സുഖവും, നൊമ്പരവുമെല്ലാം നമ്മുടെ മനസ്സുകളില്‍ എത്ര കഴിഞ്ഞാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കൂട്ടിനുണ്ടാവില്ലേ...?

തെറ്റില്ലെങ്കില്‍ ശരിക്കും, നഷ്ടമില്ലെങ്കില്‍ ലാഭത്തിനും, കറുപ്പില്ലെങ്കില്‍ വെളുപ്പിനും, ചൂടില്ലെങ്കില്‍ തണുപ്പിനും, എതിര്‍പ്പില്ലെങ്കില്‍ പ്രണയത്തിനും, പ്രണയമില്ലെങ്കില്‍ ജീവിതത്തിനും.
എന്തു പ്രസക്തി…….?
എന്തു ആസ്വാദ്യത…….?
എന്തു സുഗന്ധം………?

എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്…

നീയറിയില്ലെന്‍ നിനവുകളില്‍ നീയരുളുന്നൊരീ നിര്‍വൃതികള്‍..
നീയില്ലാതെയില്ല ജീവിതം, നീയില്ലാതെ മരണവും’
വാലന്റൈന്‍സ് ഡേ. ആഗോളപ്രണയദിനം. പ്രണയത്തിനായി ജീവിതം ഹോമിച്ച വാലന്റൈന്‍സിന്റെ ഓര്‍മ്മയ്ക്കായുള്ള ഒരു ദിനം. പരസ്പരം ഹൃദയം കൈമാറിയും പ്രണയസന്ദേശങ്ങള്‍ നല്‍കിയും പരിശുദ്ധപ്രണയത്തെ കൂടുതല്‍ ദൃഢമാക്കാനൊരു ദിനം.

വാലന്റൈന്‍സ് ഡേ ; പ്രണയദിനത്തിന്റെചരിത്രം


നിരവധി ഐതിഹ്യങ്ങള്‍ പ്രണയദിനവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. സെന്റ് വാലന്റൈന്‍സ് എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് ഇതില്‍ പ്രധാനം. വാലന്റൈനിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും തന്നെയില്ല. എ.ഡി 270ല്‍ റോമില്‍ ജീവിച്ചിരുന്ന ആളായിരുന്നു വാലന്റൈന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അക്കാലത്തെ സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുതെന്ന കടുത്ത നിര്‍ദ്ദേശമുണ്ടായിരുന്നു. രാജ്യരക്ഷയ്ക്കും മറ്റുരാജ്യങ്ങള്‍ വേട്ടയാടിസ്വന്തമാക്കുന്നതിനുമായി ക്ലാഡിയസ് ചക്രവര്‍ത്തി വിവാഹം തന്നെ നിരോധിച്ചു.

എന്നാല്‍ ചക്രവര്‍ത്തി ക്ലാഡിയസ് രണ്ടാമന്റെ നിര്‍ദ്ദേശത്തെ മറികടന്ന് സെന്റ് വാലന്റൈന്‍ നിരവധി ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടേയും വിവാഹസ്വപ്‌നങ്ങളെ പൂര്‍ത്തീകരിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ ക്ലാഡിയസ് കോപാകുലനായി വാലന്റൈനെ തുറുങ്കിലടച്ചു. എന്നാല്‍ അവിടംകൊണ്ടൊന്നും കമിതാക്കള്‍ക്കായുള്ള തന്റെ നിസ്വാര്‍ത്ഥസേവനം അവസാനിപ്പിച്ചില്ല.

ജയില്‍ വാര്‍ഡന്റെ അന്ധയായ മകളുമായി പ്രണയത്തിലാവുകയായിരുന്നു. വാലന്റൈന്റെ നിസ്സീമമായ പ്രണയത്തിന്റെ അല്‍ഭുതശക്തിമൂലം പെണ്‍കുട്ടിക്ക് കാഴ്ച്ച തിരിച്ചുകിട്ടി. എന്നാല്‍ ഇതിന് വാലന്റൈന് ലഭിച്ച ശിക്ഷ കടുത്തതായിരുന്നു. തലവെട്ടാന്‍ ക്ലാഡിയസ് കല്‍പ്പനയിട്ടു. മരണത്തിലേക്ക് അടുക്കുന്നതിന് മുമ്പായി വാലന്റൈന്‍്‌സ് ഒരു ചെറിയ കുറിപ്പില്‍ ഇത്രമാത്രമെഴുതി. ‘ഫ്രം യുവര്‍ വാലന്റൈന്‍’…

കമിതാക്കള്‍ക്കുവേണ്ടി ഹൃദയരക്തം ചിന്തിയ ഈ പുരോഹിതന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമമര്‍പ്പിച്ചാണ് ഓരോ കാമുകനും കാമുകിയും വാലന്റൈന്‍സ് ദിനം ആഘോഷിക്കേണ്ടത്. ഇതൊക്കെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ? സ്മാര്‍ട്ട്‌ഫോണിന്റേയും ഫേയ്‌സ്ബുക്കിന്റേയും ഗാഡ്ജറ്റുകളുടേയും കണ്ണഞ്ചിപ്പിക്കുന്ന ‘എക്‌സ്-ജനറേഷന്‍’ കമിതാക്കള്‍ക്ക് ഇത്തരം പഴഞ്ചന്‍ ഐതിഹ്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. എങ്കിലും അവര്‍ ആഘോഷിക്കുകയാണ്, ഓരോ നിമിഷവും.

പതിവുപോലെ പ്രണയദിനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തങ്ങളുടെ വാദങ്ങളുമായി ഇത്തവണയും രംഗത്തുണ്ട്. കമ്പോളശക്തികളുടെ മായികലോകത്തിനു മുമ്പില്‍ യുവമനസുകളെ തളച്ചിടാനൊരു ദിനം എന്നാണ് വാലന്റൈന്‍സ് ഡേ എന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. അതല്ല, നിലവിലെ പ്രണയം കൂടുതല്‍ ദൃഡമാക്കാനും പുതിയ പ്രണയം തുടങ്ങാനും പിണക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനും പറ്റിയദിനം എന്ന് വാലന്റൈന്‍ ദിനത്തെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നു.

എന്തൊക്കപ്പറഞ്ഞാലും വാലന്റൈന്‍സ് ഡേ ഏറ്റവുമധികം സ്‌പോണ്‍സര്‍ ചെയ്യുന്നത് കമ്പോളശക്തികളാണെന്ന കാര്യം വിസ്മരിക്കാനാവില്ല. യു.എസ്, ലണ്ടന്‍,ഫ്രാന്‍സ്, ജര്‍മനി എന്നീ രാഷ്ട്രങ്ങളിലാണ് പ്രധാന ആഘോഷങ്ങള്‍. ആഗോളവല്‍ക്കരണം എത്തിയതോടെ ഇന്ത്യയും ഓരോ കുഗ്രാമങ്ങളും വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ തുടങ്ങി.

കമിതാക്കളെ വീഴ്ത്താനായി കമ്പോളം ഒരുങ്ങിയിക്കഴിഞ്ഞു. യുവാക്കളെ വീഴ്ത്താന്‍ ഇതിലും മികച്ച ഒരവസരം ലഭിക്കില്ലെന്നാണ് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്. പ്രണയിനിക്കുവേണ്ടി എന്തെങ്കിലും ഗിഫ്റ്റ് വാങ്ങിയിട്ടില്ലെങ്കില്‍ പിന്നെന്ത് വാലന്റൈന്‍സ് എന്ന യുവാക്കളുടെ ചിന്തയാണ് കച്ചവടക്കാരെ നയിക്കുന്നത്. കോടികളുടെ കച്ചവടമാണ് ഓരോ വാലന്റൈന്‍സ് ഡേ സീസണിലും നടക്കുന്നത്.

അങ്ങനെ വാലന്റൈന്‍സ് എന്ന പുരോഹിതനെ കച്ചവടക്കാരും സ്മരിക്കുന്നു. വാലന്റൈന്‍സ് ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ആഘോഷം ഉണ്ടാകുമായിരുന്നോ? ഇങ്ങനെയൊരു ആഘോഷമില്ലായിരുന്നെങ്കില്‍ ഇത്രയുംവലിയ കച്ചവടം നടക്കുമായിരുന്നോ? എന്തായാലും വാലന്റൈന്‍സ് പുരോഹിതനേ, നിനക്ക് നമോവാകം!!!

വലന്റൈന്‍സ് ഡേ

പ്രണയത്തിന് കിനാവിന്റെ നിറം. അത് ഒഴുകിപടര്‍ന്നു കലണ്ടര്‍ താളില്‍ വന്നു കുടിയേറുന്ന ഫെബ്രുവരി 14. ദി ഗ്രേറ്റ് വലന്റൈന്‍സ് ഡേ. പ്രേമിക്കുന്നവര്‍ക്കു വേണ്ടിയുള്ള ദിവസം. പ്രേമിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രേമത്തിന്റെ ഉറവ ഉള്ളിന്റെയുള്ളില്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കും സ്വകാര്യമായി ആഹ്ലാദിക്കാനുള്ള റിസര്‍വ് ഡേ. വിശുദ്ധ വാലന്റൈന്‍ ദിനം എങ്ങനെ കാമുകി കാമുകന്മാര്‍ ആഗോളവ്യാപകമായി ദത്തെടുത്തു എന്നതാണ് പലപ്പോഴും എന്നെ ചിന്താകുലനാക്കിയിട്ടുള്ളത്. പല കഥകള്‍ കേട്ടിരിക്കുന്നു. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം മാത്രം സത്യം. ക്രിസ്മസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആശംസകാര്‍ഡുകള് വിറ്റു പോകുന്നതിന്റെ റിക്കാര്‍ഡ് കഴിഞ്ഞ ഒരു ദശകമായി വാലന്റൈന്‍സ് ഡേ സ്വന്തമാക്കിയിരിക്കുന്നു.അതു കൂടുതുന്നതല്ലാതെ കുറയുന്നുമില്ല. ഇ-കാര്‍ഡുകളുടെ ഒഴുക്കാണ് ഇന്റര്‍നെറ്റിലാകെ.
ക്രൈസ്തവ, പ്രാചീന റോമന്‍ പാരമ്പര്യങ്ങളില്‍ ഏതെങ്കിലുമൊന്നാവും വലന്റൈന്‍സ് ഡേയ്ക്കു പിന്നിലെന്നു ഉറപ്പില്ലാത്ത ചരിത്രം പറയുന്നു. എന്നാല്‍ കാത്തലിക്ക് ചര്‍ച്ച് കുറച്ചു നാളായ് ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വിശുദ്ധന്മാര്‍ ഈ പേരില്‍ കത്തോലിക്ക സഭയില്‍ ഉണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ ലഭ്യമാക്കുമെന്നും വത്തിക്കാന്‍. വലന്റൈന്‍, വലന്റിനസ് എന്നീ പേരുകളില്‍ ചില വിശുദ്ധന്മാരെ റോം വാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അവരിലൊന്നും തന്നെ പ്രണയത്തിന്റെ വേദവാക്യങ്ങള്‍ കണ്ടെത്താന്‍ സഭയ്ക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എവിടെയോ വലന്റൈന്‍ ജീവിച്ചിരുന്നിട്ടുണ്ടാവണം. അദ്ദേഹം പുരോഹിതനായിരിക്കണമെന്നുമില്ല. എന്നാല്‍ സ്‌നേഹിക്കുന്ന മനസ്സുകളിലായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യം വലയം കൊണ്ടിരുന്നത്. അവരിലായിരിക്കണം അദ്ദേഹം വിശുദ്ധ പദവി നേടിയിട്ടുണ്ടായിരിക്കുക. നിര്‍മലവും നിരുപമവും വിശുദ്ധവുമായി വലന്റൈന്‍ എന്ന വിളിപേര് കിട്ടിയതും അങ്ങനെയാവണം.
വലന്റൈന്‍ എന്നൊരു പുരോഹിതനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. അതിനു ഫെബ്രുവരി 14 മായി നേരിയൊരു ബന്ധവുമുണ്ട്. മൂന്നാം നൂറ്റാണ്ടിലാണിത്. റോമിലെ ക്ലൗഡിസ് രണ്ടാമന്റെ കാലം. വലന്റൈന്‍ അതീവരഹസ്യമായി രാജ്യത്തെ നിയമംലംഘിച്ചു. ക്ലൗഡിസ് അതിഭയങ്കര യുദ്ധതത്പരനായി കഴിയുന്ന കാലം. നല്ല ചുറുചുറുക്കുള്ള യുവാക്കള്‍ സൈന്യത്തില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധം. യുവാക്കള്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് കുടുംബമാകുന്നതോടെ യുദ്ധതാത്പര്യം നഷ്ടപ്പെടുമെന്നു കണ്ടെത്തിയ ക്ലൗഡിസ് രാജ്യത്ത് സൈനികയുവാക്കളുടെ വിവാഹത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ, പ്രണയബദ്ധരായിരുന്ന ഒട്ടനവധി കാമുകി കാമുകന്മാരാണ് നിരാശരായത്. അവര്‍ക്കു നിയമം ലംഘിക്കാനുള്ള ധൈര്യമില്ലായിരുന്നു. ചിലര്‍ ഒളിച്ചോടി. പിടിക്കപ്പെട്ടവരെ വധശിക്ഷയ്ക്കു വിധിച്ചു. മറ്റു ചിലര്‍ ആത്മഹത്യ ചെയ്തു. ഈ സംഭവം വലന്റൈനിന്റെ മനസ്സിനെ മദിച്ചു. അദ്ദേഹം രഹസ്യമായി ഇത്തരം വിവാഹത്തിനു കൂട്ടു നിന്നു. പലരുടെയും വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു. പരസ്യമായ നിയമലംഘനമാണെന്നും പിടിക്കപ്പെട്ടാല്‍ ജീവിതം പോയതു തന്നെ എന്നറിയാമായിരുന്നിട്ടും സ്‌നേഹിക്കുന്ന മനസ്സുകളുടെ ഹൃദയവേദന അദ്ദേഹത്തിനു കാണാതിരിക്കാന്‍ ആവില്ലായിരുന്നു. എന്നാല്‍ അധികകാലം ക്ലൗഡിസ് ചക്രവര്‍ത്തിയുടെ ചാരന്മാരുടെ കണ്ണുകള്‍ വെട്ടിക്കാന്‍ വാലന്റൈനും കഴിഞ്ഞില്ല. അദ്ദേഹം പിടിക്കപ്പെട്ടു. വിചാരണ പോലുമില്ലാതെ തൂക്കിലേറ്റപ്പെട്ടു. അതൊരു ഫെബ്രുവരി 14 ആയിരുന്നുവെന്നാണു വിശ്വാസം.
രണ്ടാമത്തെ കഥയില്‍ നായകന്‍ വാലന്റൈന്‍ തന്നെ. അദ്ദേഹമൊരു തടവുകാരനായിരുന്നു. തന്നെ ജയിലില്‍ തുടര്‍ച്ചയായി സന്ദര്‍ശിച്ചിരുന്ന യുവതിയുമായി വാലന്റൈന്‍ പ്രണയത്തിലായി. അതു ജയിലറുടെ മകളായിരുന്നു. പിരിയാനാവാത്ത പ്രണയം. ജീവിതത്തില്‍ ഒരിക്കലും തങ്ങള്‍ക്ക് ഒന്നിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഇരുവരെയും തളര്‍ത്തി. കാമുകന്‍ ജയിലിനുള്ളില്‍. ജയിലിനുള്ളില്‍ അടയ്ക്കപ്പെട്ട പിതാവിന്റെ മകളാണു കാമുകി. എന്തൊരു വിരോധാഭാസം. സംഭവമറിഞ്ഞ ജയിലര്‍ രണ്ടാമതൊന്നും ആലോചിച്ചില്ല. രായ്ക്കുരാമാനം വാലന്റെനെ പിടിച്ചു തൂക്കിക്കൊന്നു.
എന്നാല്‍ അന്തിമാഭിലാഷമെന്ന പോലെ ഒരു കത്തെഴുതാന്‍ അയാള്‍ വലന്റൈന് അനുവാദം നല്‍കി. വലന്റൈന്‍ പ്രിയതമയ്ക്ക് ഒരു പ്രണയലേഖനമെഴുതി. അത് ലോകത്തിലെ എക്കാലത്തെയും വികാരോജ്വലമായ പ്രേമലേഖനമായിരുന്നുവത്രേ. അതിനൊടുവിലായി എന്നു നിന്റെ സ്വന്തം വാലന്റൈന്‍ എന്ന ഒപ്പും. വാലന്റൈനെ തൂക്കിക്കൊന്നതു ഫെബ്രുവരി 14 നായിരുന്നുവെന്നും അതല്ല, വാലന്റൈന്റെ ജന്മദിനമായിരുന്നു ആ ദിവസമെന്നും രണ്ടഭിപ്രായമുണ്ട്. എന്നാല്‍ ഈ കഥയെ പിന്‍പറ്റിയൊന്നുമായിരുന്നില്ല റോമക്കാര്‍ പിന്നീട് ഈ ദിവസം പ്രണയദിനമായി ഘോഷിച്ചിരുന്നത്. അവര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല ദിവസമായിരുന്നു ഫെബ്രുവരി 14. അവരതിന് വാലന്റൈന്‍ ദിനം എന്ന് ഒരിക്കലും പേര്‍ ചൊല്ലി വിളിച്ചതുമില്ല. വര്‍ഷത്തിലെപ്പോള്‍ കണ്ടുമുട്ടിയാലും അവര്‍ക്ക് വിവാഹം കഴിക്കാന്‍ ഈ ദിവസം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു, അതുവരെ പ്രേമം തലയ്ക്കു പിടിച്ചു നടക്കുകയായിരുന്നുവത്രേ പതിവ്.
യുഎസ്എ, ക്യാനഡ, മെക്‌സിക്കോ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയിടങ്ങളിലാണ് വാലന്റൈന്‍ ദിനത്തിന് ഏറെ പ്രസക്തി. ഇന്നും ഈ രാജ്യങ്ങളിലുള്ളവര്‍ അന്നു വിവാഹം കഴിക്കുന്നതു പരമപ്രസക്തവും വിശുദ്ധവുമാണെന്നു തന്നെ വിചാരിക്കുന്നു. ദീര്‍ഘകാലം കുടുംബത്തോടൊപ്പം കഴിയാന്‍ ഈ ദിവസം വിവാഹിതരായോലെ കഴിയൂ എന്നൊരു വിശ്വാസവും ഇതിനു പിന്നിലുണ്ടായിരുന്നുവത്രേ. അതിനായി അവര്‍ വര്‍ഷം മുഴുവന്‍ പ്രേമബദ്ധരായി കാത്തിരിക്കുന്നു. പ്രണയത്തിന്റെ രുചിയും മണവും നിറവും തിരിച്ചറിയുന്നു. വിവാഹിതരാവാന്‍ കഴിയാത്തവര്‍ പിന്നെയും കാത്തിരിക്കുന്നു. പ്രിയസഖി, നിന്നെ ഞാന്‍ മരണത്തോളം കാത്തിരിക്കുന്നുവെന്നു കത്തെഴുതുന്നു. ആശംസ അര്‍പ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വാലന്റൈന്‍സ് കാര്‍ഡ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഴക്കമേറിയ പ്രണയഗീതം എഴുതപ്പെട്ടത് 1415-ലും. ഓര്‍ലിയന്‍സിലെ ഡ്യൂക്ക് ആയിരുന്ന ചാള്‍സ് അദ്ദേഹത്തിന്റെ പ്രിയതമയ്ക്ക് എഴുതിയതായിരുന്നു ഇത്. ടവര്‍ ഓഫ് ലണ്ടനില്‍ തടവിലായിരുന്ന കാലത്ത് എഴുതിയതെന്നു കരുതുന്ന ഈ കവിത ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറിയിലുണ്ട്.
എഡി 496 മുതല്‍ 498 വരെ വാലന്റൈന്‍സ് ദിനം ഔദ്യോഗിക അവധിദിനമായി കത്തോലിക്ക സഭ പ്രഖ്യാപിച്ചിരുന്നതായി തെളിവുണ്ട്. പോപ്പ് ഗെലാഷ്യസിന്റേതായിരുന്നു ഈ നടപടി. ഗ്രേറ്റ് ബ്രിട്ടനില്‍ 17-ാം നൂറ്റാണ്ടിലും ഫെബ്രുവരി 14 അവധിദിവസമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ ഈ ദിവസം കൂടുതല്‍ പോപ്പുലറായി. ഗിഫ്റ്റുകള്‍, ലെറ്ററുകള്‍, ഗ്രീറ്റിങ്ങ്‌സ് കാര്‍ഡുകള്‍ എന്നിവ കൈമാറാന്‍ തുടങ്ങിയത് ഇക്കാലത്താണ്. നൂറ്റാണ്ടിന്റെ അവസാനം പ്രിന്റ് ചെയ്യപ്പെട്ട വാലന്റൈന്‍സ് കാര്‍ഡുകള്‍ പ്രചാരത്തിലായി. പിന്നീട് ഇന്നോളം അതിന്റെ വ്യാപ്തി കൂടിയതല്ലാതെ, തെല്ലും കുറഞ്ഞിട്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. ഒരിക്കലെങ്കിലും പ്രേമത്തിന്റെ നനവ് അറിഞ്ഞിട്ടുള്ളവര്‍ ഈ കുളിര് അയവിറക്കുന്നത് ഫെബ്രുവരി 14-ലെ ഏകാന്തരാവില്‍ തന്നെ. ലോകം മുഴുവന്‍ പ്രണയത്തില്‍ കുളിച്ച് മയങ്ങിക്കിടക്കുമ്പോള്‍ മാനത്ത് ഒരു വാലന്റൈന്‍ നക്ഷത്രം ഉദിച്ചുയരുമെന്നും അതിന്റെ പ്രണയശോഭയാല്‍ ലോകം മുഴുവന്‍ നിര്‍വൃതി അടയുമെന്നും കവി. പ്രിയ വലന്റൈന്‍, പ്രണയത്തിന് ഇങ്ങനെയൊരു സങ്കീര്‍ണത നല്‍കിയതിനു നിനക്ക് നന്ദി.

ജീവനകലകള്‍

ക്ഷുഭിതയൗവ്വനം ഓര്‍മ്മയാകുന്നുവോ? നിസ്സംഗതയ്ക്കാണിന്നേറെ പ്രിയം ശ്വസനചക്രത്തിന്‍ കളരിയില്‍ ‍ജീവനകലകള്‍ ഉരുത്തിരിയുന്നു.. ആയുധമില്ലാതെ കീഴടക്കുവാന്‍ ‍പടിഞ്ഞാറിന്റെ പുതിയ തന്ത്രങ്ങള്‍ ‍വൈദേശികത്വം തെളിക്കും വഴിയില്‍ പുതുയൗവ്വനം യാത്രയാകുന്നുവോ?? പൊരുതാതെ കീഴടക്കുവാന്‍ ‍മെനഞ്ഞടുക്കപ്പെടും 'ചുണ'ക്കുട്ടികള്‍ ‍ശാന്തിതേടും യാത്രകള്‍ ‍അറവുശാലയിലേക്കാകുമോ?? വികാരമില്ലാത്ത മനുഷ്യന്‍ ‍കീഴടക്കാന്‍ എന്തെളുപ്പം..

ഒരു മുരളീരവമായ്

മനമൊരു മുരളിയാമെങ്കില്‍ നീ എന്നുമെന്‍
സ്വരരാഗസുധയാം വേണുസങ്കീര്‍ത്തനമാകും.
ഒരുനാളിലേയൊരുന്മാദ രാവിന്റെ പരിമളം
മറയാതെ ഇന്നുമെന്റെ ‍ മനതാരില്‍ നിറയുന്നു.
അന്നു നീ കടം തന്ന ചുംബനങ്ങളാലെന്റെ
ഉള്‍തടം ഉരുകുന്നെന്‍ മോഹങ്ങളുണരുന്നു.
എന്നുമെന്നരികില്‍ നീ ഉണ്ടാകുമെങ്കിലെന്റെ
മോഹങ്ങള്‍ സഫലമാം; ഈ ജന്മം സുകൃതമാം.
ആശകള്‍ നിരാശയാം, കാമിതം ഫലിക്കുമ്പോള്‍;
നാമെത്തിപ്പിടിക്കാത്ത മോഹങ്ങള്‍ സുരഭിയായ്‌,
ലാവണ്യ സുന്ദരമാം മാധുര്യം നിറക്കുന്നു.

ആദ്യത്തെ മയക്കത്തില്‍, ഞാന്‍ കാണും കിനാവതില്‍
വിടരുന്നുണ്ടായിരം രതിഗന്ധ പൂവാടികള്‍.
ഒരു കുഞ്ഞിക്കാറ്റിനുള്ളില്‍ മൃദുസ്പര്‍ശനമായി,
ആ മധുരോദാര, വികാര തരംഗങ്ങളില്‍
വിരിഞ്ഞു, വിരുന്നെത്തും നിന്നോര്‍മ്മ എന്നന്തികേ,

പാതിരാപ്പൂക്കള്‍ വിരിയുന്നാ നേരത്തും
പാടുന്നു ഞാനെന്റെ പ്രേമാര്‍ദ്രഗീതികള്‍.

മാന്തളിര്‍ചുണ്ടിതള്‍ തന്‍ മധുരോന്മാദമെല്ലാം
മാദകസ്വപ്നങ്ങളില്‍ നല്‍കുന്നു നീ എനിക്കായ്‌.
സൗവര്‍ണ്ണ രാജികള്‍ പൂത്തുലഞ്ഞുതിര്‍ന്നു പോം,
വന്ധ്യമാം മോഹങ്ങളെന്നുള്‍‍ക്കളം പിളര്‍ക്കുന്നു.
ആത്മാവിലാത്മവായ്‌ നാം ഇഴുകി ലയിക്കുന്നോ-
രാനന്ദ മൂഹൂര്‍ത്തങ്ങള്‍ ഇങ്ങിനി വന്നീടുമോ?