Powered By Blogger

love




ഞാനിന്നൊരു തീര്‍ത്ഥാടകയാണ്
നിന്റെ മനസ്സ് വിട്ടിറങ്ങിയ
അഭയാര്‍ത്ഥി .......

ഗൃഹാതുരതയുടെ പിന്‍ വിളി കേള്‍ക്കാതെ
സ്മൃതികളെ വഴിയില്‍ ഉപേക്ഷിച്ച് ,
ഞാനീ യാത്ര തുടരുന്നൂ .....
ഒരിക്കല്‍ ഞാന്‍ നിന്റെ മനസ്സില്‍
താമസ്സിചിരുന്നൂ ...
നീ എന്റെ ഹൃദയത്തിലും ..
അതുകൊണ്ടാവാം
യാത്ര പറയവേ
ഉള്ളിലൊരു നോവ്‌ ചീന്തിയടര്‍ന്നത്
ഒഴുക്കില്ലാത്ത പുഴ പോലായിരുന്നു
നിന്റെ സ്നേഹം
നിന്നില്‍ തുടങ്ങി നിന്നില്‍ തന്നെ അതവസാനിച്ചു ..
തിരിച്ചറിവുകള്‍ ഉണ്ടായ കാലത്ത്
എന്റെ സ്വകാര്യതകള്‍
നിന്നില്‍ സ്മൃതി മണ്ഡപങ്ങള്‍ തീര്‍ത്തു തുടങ്ങിയിരുന്നൂ
നിന്റെ ഓര്‍മ്മകള്‍ ആവേശിച്ച ദിനങ്ങളിലൊന്നിലാണ്
ആദ്യമായി എനിക്ക് വിഭ്രാന്തി ഉണ്ടായതും
എന്റെ ചിന്തകള്‍ വെളിപാട് തേടി
മൌനത്തിന്റെ കരിന്തോടിനുള്ളില്‍
തപസ്സു ചെയ്യുവാന്‍ തുടങ്ങിയതും
നിന്റെ സ്നേഹം .........
എന്റെ മോഹത്തിന്റെ
കരിവളകള്‍ ഉടയ്ക്കില്ലെന്നും
വിശുദ്ധികളെ അശുദ്ധമാക്കില്ലെന്നും
സ്വപ്നങ്ങളെ അലസമാക്കില്ലെന്നും
അറിഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും
എന്റെ കിനാക്കള്‍ നരച്ചും
കണ്ണുകള്‍ വലയങ്ങല്‍ക്കുള്ളിലും ആയികഴിഞ്ഞിരുന്നൂ
ഇനിയിത്ര മാത്രം
ഈ യാത്ര മാത്രം
ശൂന്യമായ ഏകാന്തതയുമായി
പുലരിയെത്തും മുന്‍പ്,
പുഴയില്‍ പുതു വെള്ളം എത്തുന്നതിന്‍ മുന്‍പ്
രാത്രി മുല്ലകള്‍ കൊഴിയുന്നതിന്‍ മുന്‍പ്
അനുരാഗത്തിന്റെ കറ പുരളാത്ത
പ്രണയത്തിന്റെ കപടതയില്ലാത്ത
പുതു ഭൂമിയില്‍ എത്തി ചേരണം

നിന്നെ തേടി ഞാന്‍ വരുന്നു. ഈ ബ്രഹ്മാണ്ഡത്തില്‍ എവിടെയോ നീ ഉണ്ട്. മറ്റാരോ ആയി. പക്ഷിയായി മാനായി അല്ലെങ്കില്‍ ചിത്രശലഭമായി. സൃഷ്ടിപരമ്പരകളിലൂടെ ഞാന്‍ നിന്നെ തേടും. നിന്നെ പ്രാപിക്കാനായി പക്ഷിയും മാനും ചിത്രശലഭവുമായി ഞാന്‍ ജനിക്കും. നിന്റെ നെഞ്ചില്‍ തലചായ്ച്ച് എന്റെ ദുഃഖങ്ങള്‍ മറക്കുവാനായി ഞാന്‍ ജന്മങ്ങളും പുനര്‍ജന്മങ്ങളും പൂകാം. സൃഷ്ടിപരമ്പരകളിലൂടെയുള്ള, നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...

ശോകാർദ്രമായ ഒരു ഞായറാഴ്ച...

ഞായറാഴ്ച വിഷാദ മൂകമാണു!

എന്റെ യാമങ്ങള്‍ എല്ലാം നിദ്രാ വിഹീനങ്ങളും...

പ്രിയമുള്ളവളേ! എണ്ണിയാലൊടുങ്ങാത്ത നിഴലുകളോടൊപ്പം

ഞാന്‍ ജീവിയ്ക്കയാണു.

വിഷാദ മൂകമായ കറുത്ത ശവവണ്ടി നിന്നെ വഹിച്ചുകൊണ്ടു പൊയ ഇടത്തില്‍,

വെള്ള നിറമുള്ള കുഞ്ഞു പൂക്കള്‍ നിന്നെ ഇനി ഒരിക്കലും ഉണര്‍ത്തുകയില്ല.

ദേവദൂതന്മാര്‍ നിന്നെ തിരികെ വിടുന്നതിനേ കുറിച്ചു ചിന്തിക്ക പോലുമില്ല.

ഞാന്‍ നിന്റെ സവിധത്തിലേക്കു വരാന്‍ ആഗ്രഹിച്ചാല്‍,

അവര്‍ക്കു വിരോധം തോന്നുകയില്ലേ?

വിഷാദ ഭരിതമായ ഞായറാഴ്ച!

ഞായറാഴ്ച ശോകമൂകമാണു.....

നിഴലുകളോടൊപ്പം, ഈ ദിവസം ഞാന്‍ ചിലവഴിക്കയാണു.

എന്റെ ഹൃദയവും ഞാനും കൂടി ഒന്നു തീരുമാനിച്ചിരിക്കുന്നു.

താമസിയാതെ തന്നെ അവര്‍ പൂക്കള്‍ കൊണ്ടു വരും...

സന്താപമഗ്നമായ പ്രാര്‍ത്ഥനകള്‍ ചൊല്ലും....

എനിക്കറിയാം.
അവര്‍ ബലഹീനരാകരുതു.

പോകാന്‍ എനിക്കു അത്യധികം സന്തോഷമാണെന്നു

അവര്‍ ധരിച്ചു കൊള്ളട്ടെ.

മരണം ഒരു സ്വപ്നമല്ല.

എന്തെന്നാല്‍, മൃത്യുവില്‍, ഞാന്‍ നിന്നെ ആലിംഗനം ചെയ്യും;

ഓമനിച്ചു ഉമ്മ വച്ചു കൊണ്ടിരിക്കും.

എന്റെ ആത്മാവിന്റെ അവസാന നിശ്വാസം പോലും

നിന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കും...

ശോകപൂരിതമായ ഒരു ഞായറാഴ്ച്ച!

ഞാന്‍ സ്വപ്നം കാണുന്നുവോ?

അതോ ഞാന്‍ സ്വപ്നം കാണുക ആയിരുന്നോ?

ഞാന്‍ ഞെട്ടി ഉണര്‍ന്നു!

എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ ,

നീ മയങ്ങി കിടക്കുന്നതു ഞാന്‍ കണ്ടെത്തി.

ഞാന്‍ നിന്നെ കാണുന്നു പ്രിയേ!

എന്റെ ഓമനേ! എന്റെ സ്വപ്നം നിന്നെ

പ്രാപിച്ചിട്ടില്ലെന്നു ഞാന്‍ കരുതട്ടെ.

നിന്നെ എത്രമാത്രം എനിക്കു ആവശ്യം ഉണ്ടെന്നു

എന്റെ ആത്മാവു നിന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു..

ശോകാര്‍ദ്രമായ ഞായറാഴ്ച!

ദേവസ്പര്‍ശം

സ്വര്‍ഗനിവാസികള്‍ക്കെല്ലാം പ്രിയങ്കരമായിരിക്കുന്നു..പ്രണയം.

അവിടെ ‘രാധ‘ ചഞ്ചലഹൃദയയായി മിഴി താഴ്തി ഇരിക്കുന്നു.
അവളുടെ മനോഞ്ജമായ മാറിടം, ചിന്താധാരയില്‍ഉയരുകയും, താഴുകയും... ഉദ്വേഗം കൊണ്ടു..
അവളുടെ കാര്‍കൂന്തല്‍ വകഞ്ഞിട്ടു, പൂക്കള്‍ കൊണ്ടു
അലങ്കരിച്ചിട്ടുണ്ട്‌.
ഒരു വനദേവതയേ പോലെ!

അവളുടെ ചെഞ്ചൊടികളില്‍, ഏതോ പ്രണയ മന്ത്രങ്ങള്‍‍ ഉരു‍ക്കഴിയുന്നു.
മധുരമനോഹരമായ ഓര്‍മ്മയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍!
ആത്മാവിനു വിറയ്ക്കാന്‍ കഴിയുമോ?
എങ്കില്‍ രത്നഖചിതമായ അവളുടെ പാദങ്ങള്‍ മുതല്‍
കുറുനിരകള്‍‍ ഇളകുന്ന ലലാടം വരെ അവള്‍
‍ ഹര്‍ഷ പുളകിതയായി വിറയ്ക്കുന്നുണ്ടു.
‌.അവളുടെ സംഗീത സാന്ദ്രമായ നിസ്വാനം
ഒരു തേങ്ങലായി മാറുന്നു!
അവളുടെ കണ്ണിണകള്‍, ഇണ ചേര്‍ന്നു കഴിഞ്ഞ
ഒരു മാന്‍പേടയുടെ പോലെ,നേര്‍ത്തു കോമളമായിരിക്കുന്നു.
സ്നേഹത്തിന്റെ മുന്‍പില്‍ കീഴടങ്ങിയമൃദുഭാവത്തില്‍....
പണ്ടെപ്പോഴൊ കാണാന്‍ കൊതിച്ചഒരു സ്വപ്നം പൂര്‍ണമായതുപോലെ......

സ്നേഹത്തിന്റെ അതുല്ല്യമായ നിധി,
അവസാനമെങ്കിലും അനുവദിച്ചുകൊടുക്കുക.
നല്‍കു‍‍മ്പൊള്‍ അതു മുഴുവനായി നല്‍കുക.
അമൂല്യമായ നിന്റെ ആത്മാവിന്റെ ആ നിധി,
അല്‍പം പോലും ബാക്കി വയ്ക്കരുതു.
ആ പാനപാത്രം ഇരു കൈകളും കൊണ്ടു പിടിച്ചു,
അവനു അര്‍പ്പിക്കുക!
നിന്റെ പാനപാത്രം, അതില്‍ നിറച്ചു വച്ചിരിക്കുന്ന സ്നേഹാമൃതം, അവസാനത്തെ തുള്ളി വരെ അവന്‍ കുടിച്ചു വറ്റിക്കട്ടെ.!
അഭിലാഷങ്ങള്‍‍ ഒന്നും ബാക്കി വയ്ക്കരുതു!.....

സ്വപ്നാടനം

പുളകപ്പൂവാട അണിഞ്ഞൊരുങ്ങി
പുതുമ തന്‍ പൂന്തെന്നല്‍ ആസ്വദിക്കെ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ആ ചാരു ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി വന്നെത്തിടാറുണ്ടു നിത്യം...

ശോകാർത്തമാകുമെന്നത്മാവിൽ ‍നീ പൊഴിക്കും
സ്നേഹാർദ്ര സാന്ദ്രമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...

പ്രണയമണിത്തൂവല്‍...

എന്നുമന്റെ പൊന്‍ കിനാവില്‍ സുന്ദര വസന്തമായി

ദാഹമായ്‌, മോഹമായ്‌, നീറുന്ന ശോകമായ്‌,

മായ്ച്ചാലും മായാത്തൊരോര്‍മ്മയായ്‌ തീര്‍ന്നൊരു

ലാവണ്യ രാഗപരാഗമെ നിൻ,

തേനൂറും ചുണ്ടിണയില്‍ നിറയുമൊരു മൃദുഹാസം,

കുളിരേകും ഹൃദയത്തില്‍ വിടര്‍ത്തുന്നൊരായിരം

പ്രണയ സൗരഭ്യമേറും നറുമലരാം ഹര്‍ഷങ്ങള്‍...

നിറമുള്ള സ്വപ്നങ്ങള്‍, നിനവിലെ മോഹങ്ങള്‍,

അനുരാഗക്കൊതിയൊടെ, അകതാരില്‍ നിറയുന്നോ-

രഴകാര്‍ന്ന മദഭര വ്യാമോഹങ്ങള്‍,....


കരളിലെ കുളിരുമായ്‌ നിറയുന്ന സ്നേഹത്തിന്‍

മധുമന്ത്രണങ്ങള്‍ തന്‍ സുഗന്ധപ്പൂക്കള്‍,

ആര്‍ദ്രമാം ഹൃദയത്തില്‍ കതിരിടും ആശകള്‍,

അനുരാഗക്കുമ്പിളില്‍ കിനിയും മകരന്ദമായ്‌

പുളക മുകുളങ്ങള്‍ നീട്ടും നിര്‍വൃതികള്‍.

ജന്മങ്ങളില്‍ കൂടി നാം ചെയ്ത യാത്രയില്‍

ഒരുമിച്ചു നാമൊന്നായ്‌ പങ്കു വച്ചു.

അനുരാഗവിവശയായ്‌ നിന്നില്‍ നിന്നുതിരുന്ന

അമൃത നിഷ്യന്ദിയാം സ്വരമാധുരി, എന്നെ

അറിയാതൊരഴകാര്‍ന്ന മോഹനിദ്രയിലെന്നും

അനുലീനമാക്കി കൊണ്ടരികിലെത്തും.

എന്നുമെന്നാത്മാവിൻ മിഴികളില്‍ രാഗവര്‍ണ

പ്രണയത്തിന്‍ നിറമെഴുതും നിന്‍ സ്നേഹ കരവല്ലി,

മുകരുവാന്‍ കൊതിയോടെ പിടയുന്ന ഹൃദയത്തിന്‍

കദനത്തിന്‍ തിരകളെ, അലസമായ്‌ കരുതല്ലെ,

പ്രിയമാനസെ!

പ്രണയമെന്ന പ്രഹേളിക!

സ്നേഹത്തിന്റെ പര്‍ണ‍കുടീരത്തില്‍

കുളിര്‍ മാരിയുമായി ഹൃദയകവാടത്തിലേക്കു പറന്നടുത്തു വരുന്ന

നിത്യ വിസ്മയങ്ങളായ ഓർമ്മകള്‍!

മരുഭൂമിയിലേ ഊഷരക്കാറ്റുകളില്‍

തരളിതമാകുന്ന ആത്മനൊമ്പരങ്ങളില്‍,

നഷ്ടപ്പെട്ടുകൊന്ദിരിക്കുന്ന ഗൃഹാതുരതയുടെ മരവിപ്പില്‍,

പ്രതീക്ഷയുടെ, സാന്ത്വനത്തിന്റെ,

ഹൃദയ നൈര്‍മ്മല്യത്തിന്റെ മരുപ്പച്ചയുടെ,

ശീതള ഛായയിലേക്കു കൈ പിടിച്ചു നടത്തുന്ന

അവളുടെ കായിതങ്ങൾ, ശബ്ദവീചികള്‍,

പ്രേമസുരഭിലമായ,ചേതനയേ

തൊട്ടുണര്ത്തുന്ന ഹൃസ്വ സന്ദേശങ്ങള്‍!



ഉറക്കം വരാന്‍ മടിക്കുന്ന ശരല്‍ക്കാല രാത്രികളില്‍

മാനത്തു നോക്കി, മിഴി ചിമ്മി നില്‍ക്കു‍ന്ന താരാഗണങളുടെ

ഇടയില്‍ സ്വന്തം കാമുകിയുടെ നക്ഷത്രം കണ്ടു പിടിച്ചു,

നഷ്ടവസന്തതിന്റെ തപ്തനിശ്വാസ്സങ്ങള്‍ ഉതിര്‍ത്തു

നെടുവീര്പ്പു‍മായി, ഓര്മ്മയില്‍‍ ജ്വലിച്ചു നിൽക്കുന്ന

അവളെ ചൂഴ്ന്നു നില്‍ക്കുന്ന മൃദുലരാഗത്തിന്റെ,

അഴകാർന്ന, പ്രേമസുരഭിലമായ ഓർമ്മകളെ തഴുകി

തഴുകി ഉറങ്ങാന്‍ കിടക്കുന്ന എത്രയൊ കാമുകന്‍മാര്‍‍‍!



കണ്ണുനീരിന്റെ നുനുനുനുപ്പാർന്ന ഹൃദയവ്യഥയി‍ല്‍,

നഷ്ടബോധത്തിന്റെ വ്യാകുലതകള്‍

എരിഞ്ഞടങ്ങാത്ത തീക്കനല്‍ പോലെ,

ഉള്ളിന്റെ ഉള്ളില്‍ ഓർമ്മയില്‍ നീറിപ്പിടിക്കുമ്പൊള്‍,

എല്ലാം മറന്ന് ഉമ്മറപ്പടിപ്പുരയില്‍ വിഹ്വലമായ

മാന്‍പേടക്കണ്ണുകളുമായി കാത്തു നിൽക്കുന്ന,

ഇനിയും വരാതെ കാത്തിരിക്കുന്ന കത്തുകളെവിടെ?

ജാലകമറയുടെ അപ്പുറത്തു,

മുല്ലവള്ളികളുടെ മറവില്‍ കൂടി വഴിവക്കിലേക്കു

മിഴിക്കണ്ണുമായി പ്രിയന്റെ രൂപം കാത്തുനിന്ന സായംസന്ധ്യകള്‍!

മറുപടി കിട്ടാത്ത ചോദ്യങ്ങളുടെ,

പൂരിതമാകാത്ത മോഹങ്ങളുടെ,

വിടരാന്‍ മടിക്കുന്ന സ്വപ്ന പൂമൊട്ടുകളുടെ എല്ലാം

ഹൃദയഭാരത്തോടേ മയങ്ങാന്‍ കിടക്കുന്ന

കാമുകിയുടെ ദീര്‍ഘനിശ്വാസങ്ങള്‍!

ഇതെല്ലാം നിങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തുന്നുവോ?

നിസ്സഹായതയില്‍ എത്തിക്കുന്നുവോ?



ഒരുനൂറു പ്രേമസുര്‍ഭിലമായ സൌഗന്ധപുഷ്പ്പങ്ങളുടെ

നറുമണം ഉതിര്‍ക്കുന്ന സങ്കല്‍പ്പങ്ങളുമായി,

അവധിക്കു നാട്ടില്‍ പോകാൻ,

അവളുടെ സ്നേഹമസൃണമായ കടക്കണ്ണുകളിലെ

വിഷാദം നിറഞ്ഞ സ്വാന്തനത്തിന്റെ പാലൊളിയില്‍

മുങ്ങിത്തുടിക്കുവാന്‍ വെമ്പുന്ന ഒരു ഹൃദയം നിങ്ങള്‍ക്ക് ഉണ്ടോ?

നിങ്ങള്‍ ധന്യന്‍ ആണു! നിങ്ങള്‍ ആരുമാകട്ടെ!

നറുതേന്‍ തുളുമ്പുന്ന ഒരു കാമുക ഹൃദയത്തിന്റെ ഉടമ! .

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും

വെമ്പുന്ന ഒരാത്മസമ്പത്ത് നിങ്ങള്‍ക്കുണ്ടു.



സ്നേഹം നിഷിദ്ധ്മായ ഒരു വാസന ആണൊ?....

ദൌർബല്യം ആണൊ?....

അതോ അത്മാവിനെ സുഗന്ധപൂരിതമാക്കുന്ന അനുഭൂതിയോ?