‘പ്രണയം’ വാക്കു കൊണ്ടേറേ പഴകിയതാണെങ്കിലും, ഒരിക്കലുമതിന്‍റെ മൂല്യം കുറയുന്നില്ല.. കാലം മാറുന്നതോടൊപ്പം പ്രണയത്തിന്‍റെ രൂപത്തിലും, ഭാവത്തിലും, രീതിയിലുമെല്ലാം വ്യത്യാസങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, പ്രണയം എന്നും പ്രണയം തന്നെയാണ്. കഴിഞ്ഞ കാലത്തില്‍ പ്രണയമുണ്ടായിരുന്നു..ഈ കാലത്തിലും പ്രണയമുണ്ട്..ഇനി വരാനിരിക്കുന്ന കാലത്തിലും പ്രണയമുണ്ടായിരിക്കും.അതു പ്രകൃതി നിയമമാണ്.
പ്രണയിക്കാന്‍ കൊതിക്കാത്ത മനുഷ്യരില്ല. എനിക്ക് പ്രണയമില്ല എന്നു പറയുന്ന ഒരു മനുഷ്യന്‍റെ ഉള്ളിലായിരിക്കും ഏറ്റവും കൂടുതല്‍ പ്രണയിക്കാനുള്ള കൊതിയും ആവേശവും ഉണ്ടായിരിക്കുക.ഒരുപക്ഷേ..മോഹിച്ചതു കിട്ടാഞ്ഞിട്ടോ. അല്ലെങ്കില്‍ അവനവനിലുറങ്ങിക്കിടക്കുന്ന ‘കോമ്പ്ലക്സ്‘ ആ സമയങ്ങളിലുണരുന്നതോ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളോ, ചിലരെകൊണ്ടെങ്കിലും പ്രണയത്തെ എതിര്‍ത്തു പറയാന്‍ പ്രേരിപ്പിക്കുന്നു.
അപ്പോഴും.. ഏതെങ്കിലുമൊരു പെണ്ണിനെയോ, ആണിനെയോ ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ഇത്തരക്കാര്‍ ചെയ്യാറുമുണ്ട്.
അതും പ്രണയത്തിനു വേണ്ടി ദാഹിക്കുന്നവന്‍റെ ചില ചേഷ്ഠകളല്ലേ..?
മലയാളികളുടെ ഏറ്റവും വലിയൊരു പ്രത്യേകതയാണ് ഒരു കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍.. അതിപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരത വേണമെന്നു പറഞ്ഞാലും.. പൂര്‍ണ്ണവികസനം വേണമെന്നു പറഞ്ഞാലും.. രണ്ടു പക്ഷത്തു നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും. അപ്പോള്‍ പിന്നെ പ്രണയത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ.
ചിലര്‍ക്ക് നല്ല കാര്യങ്ങളെ എതിര്‍ത്തുകൊണ്ടും, ചിലര്‍ക്ക് ചീത്ത കാര്യങ്ങളെ അനുകൂലിച്ചുകൊണ്ടും ജനശ്രദ്ധ ആകര്‍ഷിക്കണം.അതൊക്കെയല്ലേ ഭൂമിയെ ഭൂമിയാക്കുന്നത്.. അല്ലെങ്കില്‍ സ്വര്‍ഗ്ഗം പോലും നാണിച്ചു പോകുമായിരുന്നു.
ഓണ്‍ലൈന്‍ കൂട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു ചര്‍ച്ചകളില്‍ വാക്കുകള്‍ കൊണ്ട് പെരുമഴ തീര്‍ക്കുന്നതു കണ്ടിട്ടുണ്ട്.. അവരിലൊരാള്‍ എന്‍റെ സുഹൃത്തിനോട് പ്രണയം അഭ്യര്‍ത്ഥിച്ചു പരാജയപ്പെട്ടതും.. വേറൊരാള്‍ പ്രണയത്തെ കുറിച്ച് ഒരുപാട് വര്‍ണ്ണിച്ച്.. അതിന്‍റെ വിശുദ്ധിയും നന്മയുമെല്ലാം പ്രകീര്‍ത്തിച്ച് .. ആണെന്നോ പെണ്ണെന്നോ സ്വയം തിരിച്ചറിയാത്ത ഒരു ഓണ്‍ലൈന്‍ പ്രൊഫൈലിനോട് പ്രണയമഭ്യര്‍ത്ഥിച്ചതും..നന്മയും സ്നേഹവും വാക്കുകളിലൂടെയും കവിതകളിലൂടെയും പെയ്തൊഴിക്കുന്നൊരാള്‍ സ്വന്തം കൂട്ടുകാരി മറ്റു ആണ്‍ പ്രൊഫൈലുകളോട് സംസാരിക്കുന്നത് വിലക്കുന്നതും..അവരെ കുറിച്ച് മറ്റുപലതും ചേര്‍ത്തു പറയുന്നതുമെല്ലാം പ്രണയത്തിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ.. അവിടെ പ്രണയം ഒരു പെണ്‍കുട്ടിയോട് മാത്രമായിരുന്നില്ല.. ഒരുപാട് പേരോട് അതുപോലെ പറയുന്നതിനെ പ്രണയമെന്നു പറയാനാവില്ല.. ഒരു തരം രോഗമെന്നു മാത്രമേ പറയാന്‍ കഴിയൂ.
എന്തും അമിതമായാല്‍ വിഷമാണ്.. വിഷമവും...!! (ഈ പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്..അല്ലാത്തവയും ഉണ്ട്)
പ്രണയം സുഖമുള്ള ഒരു അനുഭവമാണ്..ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍ വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴ പോലെ അതു പെയ്തിറങ്ങാം. പ്രണയികളുടെ ലോകത്തില്‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,. പരിധികള്‍ക്കോ പരിമിതികള്‍ക്കോ അതിന്‍റെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും കഴിയില്ല.
കാലവും , ദൂരവും, പ്രായവുമെല്ലാം തന്നെ പ്രണയമെന്ന ഒരു വികാരത്തിന്‍റെ മുന്നില്‍ ചെറുതാവുന്നതും അതുകൊണ്ടല്ലേ.?
കളങ്കമില്ലാത്ത പ്രണയത്തിനു മഴത്തുള്ളികളെക്കാള്‍ സുതാര്യതയും ആര്‍ദ്രതയുമുണ്ടായിരിക്കും.!അവിടെ പരസ്പരം സ്നേഹിക്കുക എന്ന ഒരൊറ്റ വികാരമേ പ്രണയികളുടെ മനസ്സില്‍ തുളുമ്പി നില്‍ക്കാറുള്ളൂ. മനുഷ്യമനസ്സുകള്‍ സ്വപ്നങ്ങളുടെ താഴ്വരയിലേക്കും മോഹങ്ങളുടെ നിറക്കൂട്ടുകളിലേക്കും ഒരു പൂമ്പാറ്റയെപോലെ പറന്നു പോകുന്നതും പ്രണയമെന്ന അനുഭൂതി ഹൃദയത്തില്‍ സുഗന്ധം പരത്തുമ്പോഴല്ലേ.
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവില്ല. അതു പോലെ കൊതി തീരെ പ്രണയിച്ചവരും.അതുകൊണ്ടു തന്നെയാവാം പ്രണയം എന്നും മനുഷ്യ മനസ്സുകളില്‍ തേന്‍മഴയായി പെയ്തിറങ്ങുന്നതും. അറിഞോ അറിയാതെയോ ഒരിക്കലെങ്കിലും പ്രണയിക്കാനും പ്രണയിക്കപ്പെടാനും കൊതിക്കാത്തവരുണ്ടാവില്ല .മനസ്സിന്‍റെ അടിത്തട്ടില്‍ പ്രണയമെന്ന വികാരം ഒളിപ്പിച്ചു നടക്കുന്ന എത്രയോ സുഹൃത്തുക്കള്‍ നമ്മുക്കിടയിലുണ്ട്. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ. എന്നിട്ടും പറയാനുള്ളത് പറയാന്‍ കഴിയാതെ മനസ്സിനുള്ളില്‍ സ്വയമെരിഞ്ഞു പോയ എത്രയോ പ്രണയങ്ങള്‍ കണ്മുന്നില്‍ നാം കണ്ടിരിക്കുന്നു. മനുഷ്യനെ മറ്റു ജീവികളില്‍ നിന്നു വേര്‍തിരിക്കുന്നതും ഇങ്ങിനെയുള്ള ചില കഴിവുകളുള്ളതു കൊണ്ടാണല്ലോ. പ്രണയിക്കാനും,സ്നേഹിക്കാനും, കാര്യങ്ങളെ സൂക്ഷ്മതയോടെ വിവേചിച്ചറിയാനും, ആശയസംവേദനം നടത്തുവാനുമൊക്കെയുള്ള കഴിവുകളാണ് അവനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നത്.
‘പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?
അതിനാല്‍ പ്രണയത്തിന്‍റെ മാധുര്യം നുകര്‍ന്നവര്‍ക്കും,നുകരാന്‍ കൊതിക്കുന്നവര്‍ക്കും,നുകര്‍ന്നു കൊണ്ടിരിക്കുന്നവര്‍ക്കും,
നഷ്ടപ്രണയത്തിന്‍റെ കൈപ്പുനീര്‍ കുടിച്ചവര്‍ക്കും, ഇനി കുടിക്കാനിരിക്കുന്നവര്‍ക്കും ഒരു ഓര്‍മ്മപുതുക്കലാവട്ടെ ഓരോ പ്രണയദിനവും. ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്. അതില്‍ നിന്നു കിട്ടിയ സുഖവും, നൊമ്പരവുമെല്ലാം നമ്മുടെ മനസ്സുകളില്‍ എത്ര കഴിഞ്ഞാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കൂട്ടിനുണ്ടാവില്ലേ...?
തെറ്റില്ലെങ്കില്‍ ശരിക്കും, നഷ്ടമില്ലെങ്കില്‍ ലാഭത്തിനും, കറുപ്പില്ലെങ്കില്‍ വെളുപ്പിനും, ചൂടില്ലെങ്കില്‍ തണുപ്പിനും, എതിര്‍പ്പില്ലെങ്കില്‍ പ്രണയത്തിനും, പ്രണയമില്ലെങ്കില്‍ ജീവിതത്തിനും.
എന്തു പ്രസക്തി…….?
എന്തു ആസ്വാദ്യത…….?
എന്തു സുഗന്ധം………?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ